03:17am 17 September 2026
NEWS
വിഴിഞ്ഞത്തെ വികസനം പറയുന്നവർ ജനങ്ങളെ കബളിപ്പിക്കുന്നു; കൊട്ടിഘോഷിച്ചത് മുഴുവൻ രാഷ്ട്രീയതാത്പര്യങ്ങൾ ...
14/06/2025  08:12 PM IST
അനീഷ് മോഹനചന്ദ്രൻ
വിഴിഞ്ഞത്തെ വികസനം പറയുന്നവർ ജനങ്ങളെ കബളിപ്പിക്കുന്നു; കൊട്ടിഘോഷിച്ചത് മുഴുവൻ രാഷ്ട്രീയതാത്പര്യങ്ങൾ ...

പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് പറന്നിറങ്ങി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാടിന് സമർപ്പിച്ചശേഷം അദ്ദേഹംമടങ്ങി. ഉദ്ഘാടനപ്രസംഗത്തിൽ വിഴിഞ്ഞത്തിലൂടെ രാഷ്ട്രത്തെ കാത്തിരിക്കുന്ന നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു. അതിനൊപ്പം ചില രാഷ്ട്രീയ ആരോപണങ്ങളും അവകാശവാദങ്ങളും ഉന്നയിക്കാനും അദ്ദേഹം മറന്നതുമില്ല. അതേസമയം, സംസ്ഥാന സർക്കാരാകട്ടെ ഇതെല്ലാം തങ്ങളുടെമാത്രം നേട്ടമാണെന്ന അവകാശവാദവുമായി മുന്നോട്ടുപോകുന്നു. വിഴിഞ്ഞത്തിന്റെ ശിൽപ്പിയായി അവർ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം ഉയർത്തിക്കാട്ടുമ്പോൾ ഇതെല്ലാം നവകേരള നിർമ്മിതിയുടെ ഭാഗമാണെന്ന അവകാശവാദവും അവർ മുന്നോട്ടുവെയ്ക്കുന്നു. അപ്പോഴും, സ്വന്തം പാർട്ടിഹൈക്കമാന്റിന്റെ എ തിർപ്പുപോലും അവഗണിച്ച് വിഴിഞ്ഞത്തിനായി ഇറങ്ങിത്തിരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ എല്ലാവരും ബോധപൂർവ്വം അവഗണിച്ചു. 

മേൽപ്പറഞ്ഞതെല്ലാം കേവല രാഷ്ട്രീയഗിമിക്കുകൾ മാത്രമാണ്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിഴിഞ്ഞം വിറ്റ് വോട്ടാക്കാനുള്ള കുത്സിത നീക്കങ്ങളാണ് ഏവരും നടത്തുന്നത്. അങ്ങിനെ വരുമ്പോൾ ഏവരും വിഴിഞ്ഞത്തിന് പിന്നിലെ രാഷ്ട്രീയതാത്പര്യങ്ങളും ഗ്വാഗ്വാവിളികളും മാത്രമാണ് ചർച്ചയാക്കുന്നത്. ഇതിന് പിന്നിൽ ബാധിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങളോ വിഴിഞ്ഞം തുറമുഖത്തോട് അനുബന്ധമായി നടക്കുന്ന റിയൽ എസ്റ്റേറ്റ് കുംഭകോണത്തെ ക്കുറിച്ചോ ആരും മിണ്ടുന്നില്ല. ഒരു ഭാഗത്ത് രാഷ്ട്രീയവിവാദം ഉയർത്തുമ്പോൾ മറുഭാഗത്ത് ജനകീയപ്രശ്‌നങ്ങൾ തമസ്‌കരിക്കപ്പെടുന്നു. ഇതുതന്നെയാണ് രാഷ്ട്രീയനേതാക്കൻമാർ യഥാർത്ഥത്തിൽ ലക്ഷ്യമിടുന്നതും. 

വിഴിഞ്ഞം രാഷ്ട്രത്തിന് സമർപ്പിച്ച സാഹചര്യത്തിൽ ഇനി ഇവിടെ കൂടുതൽ അന്താരാഷ്ട്ര കണ്ടൈനറുകൾ വന്നെത്തും. അവയിൽ നിന്നും ഇറക്കിവെയ്ക്കുന്ന കൂറ്റൻ കണ്ടൈനറുകൾ രാഷ്ട്രത്തിന്റെവിവിധ ഭാഗങ്ങളിലേക്ക് നീക്കേണ്ടത് ഇവിടെ നിന്നാണ്. അതിനുള്ള യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെയാണ് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്തത്. 3000-4000 റെയ്ഞ്ചിൽ കണ്ടൈനറുകളുമായി എത്തുന്ന കപ്പലുകളിൽ നിന്നും എത്രയും വേഗം കണ്ടൈനറുകൾ അൺലോഡ് ചെയ്യുക എന്നതാണ് ഇവിടത്തെ പ്രധാന ദൗത്യം. കാരണം ഓരോ കപ്പലും ബെർത്തിൽ ചെലവിടുന്ന ഓരോ മണിക്കൂറിനും ലക്ഷങ്ങളാണ് ചെലവ്. അതുകൊണ്ട് ചരക്കിറക്കം അതിവേഗത്തിൽ നടക്കണം. അതിനുള്ള ക്രമീകരണങ്ങൾ പോർട്ടിൽ സജ്ജമാണ്. എന്നാൽ ഇറക്കിവെയ്ക്കുന്ന കണ്ടൈനറുകൾ അവിടെത്തന്നെ സൂക്ഷിക്കാൻ സാധിക്കില്ലല്ലോ. അവ നീക്കം ചെയ്യണമെങ്കിൽ റോഡ്-റെയിൽ കണക്ടിവിറ്റി അനിവാര്യമാണ്. ഇവ രണ്ടും വിഴിഞ്ഞത്ത് സജ്ജമാക്കിയിട്ടില്ല. 

വിഴിഞ്ഞത്ത് എത്തുന്ന കണ്ടൈനറുകൾ തലസ്ഥാനനഗ രത്തിൽ പ്രവേശിക്കാതെ ഡെഡിക്കേറ്റഡ് പാത്തിലൂടെ കൊണ്ടുപോകാൻ വേണ്ടി വിഭാവനം ചെയ്ത പദ്ധതിയാണ് വിഴിഞ്ഞംനാവായിക്കുളം ഔട്ടർ റിംഗ്‌റോഡ്. എന്നാൽ ഇത് എങ്ങുമെത്തിയിട്ടില്ലെന്ന് മാത്രമല്ല റിംഗ് റോഡിനായി ഭൂമി വിട്ടുനൽകിയവരെ നടുത്തെരുവിൽ നിർത്തിക്കൊണ്ടാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം കെങ്കേമമാക്കിയത്. ഇപ്പോൾ ദേ ഏറ്റവും ഒടുവിൽ പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയും വിഴിഞ്ഞത്തിന് തിരിച്ചടിയാകുമെന്ന അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.  

റിംഗ്‌റോഡിന് എന്താണ് സംഭവിക്കുന്നത് ?

കുറച്ചുനാൾ മുമ്പുവരെ വികസനത്തിനായി ഭൂമി ലഭ്യമല്ലാത്ത നാടായിരുന്നുകേരളം. എന്നാലിന്ന് സ്ഥിതി അതല്ല. വിഴിഞ്ഞത്ത് നിന്നും 63 കിലോമീറ്റർ നീളത്തിൽ എൻ.എച്ച്. 66 ലെ നാവായിക്കുളം വരെ (തിരുവനന്തപുരംജില്ലയുടെ വടക്കേ അതിർത്തിയോടുചേർന്ന്) നീളുന്ന റിംഗ്‌റോഡിനായി പ്രദേശവാസികൾ പൂർണ്ണമനസ്സോടെയാണ് വസ്തു വിട്ടുനൽകിയത്. 4000ഓളം കുടുംബങ്ങളാണ് ഇവിടെ ബാധിക്കപ്പെട്ടിരിക്കുന്നത്. മാന്യമായ നഷ്ടപരിഹാരം ആറുമാസത്തിനുള്ളിൽ ലഭ്യമാക്കുമെന്നും നിർമ്മാണപ്രവർത്തനങ്ങൾ ഒരു കൊല്ലത്തിനുള്ളിൽ ആരംഭിച്ച് രണ്ടരകൊല്ലത്തിനുള്ളിൽ പൂർത്തിയാക്കുമെന്നുമായിരുന്നു അവകാശവാദം. അതിന്റെ അടിസ്ഥാനത്തിൽ ഭൂവുടമകൾ തങ്ങളുടെ ആസ്തിവകകളുടെ രേഖകൾ സംസ്ഥാനസർക്കാരിന് കൈമാറിയിട്ട് ഇപ്പോൾ രണ്ടരവർഷം കഴിഞ്ഞു. ബാങ്കിലും മറ്റും പണയത്തിലായിരുന്ന പ്രമാണമൊക്കെ പലരും പലിശയ്ക്ക് പണം കടമെടുത്താണ് ബാങ്കിൽ നിന്നും വീണ്ടെടുത്ത് സർക്കാരിന് കൈമാറിയത്. നഷ്ടപരിഹാരത്തുക ലഭിച്ചാൽ കടമെല്ലാം ഉടൻ വീട്ടാമെന്ന പ്രതീക്ഷയിലാണ് പലരും ഇതിന് ഇറങ്ങിപ്പുറപ്പെട്ടത്. 

രേഖകളെല്ലാം സർക്കാരിന്റെ കൈയിൽ ആയതോടെ ഉടമസ്ഥർക്ക് അവ വിൽക്കാനോ പണയംവെക്കാനോ സാധിക്കാത്ത സാഹചര്യമായി. മക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനുമൊക്കെ വസ്തു ഒരു അസറ്റായി കരുതിയിരുന്നവർ ഇവിടെ പെരുവഴിയാധാരമായെന്ന് പറഞ്ഞാൽ മതിയല്ലോ. ആദ്യഘട്ടത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള കരാർ ഒപ്പിടലിലെ കാലതാമസമാണ് അധികൃതർ പ്രതിസന്ധിയായി പറഞ്ഞിരുന്നതെങ്കിലും കഴിഞ്ഞ ആഗസ്റ്റുമാസം അത് പൂർത്തിയായി. ഇതോടെ കടമ്പകളെല്ലാം കടന്നെന്ന് അധികൃതർ അറിയിച്ചതോടെ വികനസനത്തിനായി ഭൂമിവിട്ടുനൽകിയവർ സന്തോഷത്തിലായി. എന്നാൽ കരാർ ഒപ്പിട്ട് മാസങ്ങൾ പിന്നിടുമ്പോഴും അധികൃതർ ഉ രുണ്ടുകളിതുടരുന്നു എന്നതാണ് സമകാലിക യാഥാർത്ഥ്യം. 

വിഴിഞ്ഞം  തേക്കട, തേക്കട  നാവായിക്കുളം എന്നിങ്ങിനെ രണ്ടു സ്‌ട്രെച്ചുകളിലായിട്ടാണ് റിംഗ്‌റോഡ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിൽ വിഴിഞ്ഞം നാവായിക്കുളം സ്‌ട്രെച്ചിന് മാത്രമാണ് പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുള്ളത് എന്നാണ് അധികൃതർ ഇപ്പോൾ പറയുന്ന ന്യായം. അപ്പോൾ പിന്നെ അനുമതി ലഭിക്കാത്ത ഇടങ്ങളിൽ നിന്നും എന്തിന് രേഖകൾ കൈപ്പറ്റി എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. ഇനി അഥവാ അനുമതി ലഭിച്ചിട്ടില്ലെങ്കിലും വിഴിഞ്ഞത്തിന്റെ സാദ്ധ്യതകളും ആവശ്യകതയും മുന്നിൽ കണ്ട് അനുമതി വേഗത്തിൽ നൽകിക്കൂടേ എന്ന് ചോദിച്ചാൽ അനുമതി നൽകേണ്ട ഏജൻസിയായ സ്റ്റേറ്റ് എൻവയോൺമെന്റൽ ഇംപാക്ട് അസസ്‌മെന്റ് അതോറിട്ടിയുടെ കാലാവധി കഴിഞ്ഞു എന്നാണ് അധികൃതരുടെ മറുപടി. പുതിയ ഭരണസമിതി എന്ന് ചുമതലേയൽക്കും എന്ന് ചോദിച്ചാൽ ഉദ്യോഗസ്ഥർ ഉത്തരത്തിൽ നോക്കിയിരുപ്പാണ്. 
പാരിസ്ഥിതിക അനുമതി ഇല്ലെങ്കിൽപ്പോലും പദ്ധതി നിർവഹണം നടത്തുന്ന ദേശീയ പാത അതോറിട്ടിക്ക് നഷ്ടപരിഹാരം നൽകാവുന്നതേയുള്ളൂ. എന്നാൽ അധികൃതർ അതിന് തയ്യാറാകുന്നില്ല. കുറഞ്ഞപക്ഷം അനുമതി ലഭിച്ച ആദ്യ സ്‌ട്രെച്ചിലെ ജനങ്ങൾക്കെങ്കിലും നഷ്ടപരിഹാരം നൽകാമോ എന്നുചോദിച്ചാൽ അതിനും ഉത്തരം നൽകാൻ തത്പരകക്ഷികൾക്ക് സാധിക്കുന്നില്ല. ഇനി പദ്ധതിക്ക് ഒന്നടങ്കം പാരിസ്ഥിതിക അനുമതി ലഭിച്ചാലും നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള  കടമ്പകൾ അവസാനിക്കുന്നില്ല. പ്രൈവറ്റ് പബ്ലിക് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റിയുടെ അംഗീകാരം ഉൾപ്പെടെ പലവിധ സാങ്കേതികത്വങ്ങൾ ഇനിയും മറികടന്നാൽ മാത്രമേ ദേശീയപാത അതോറിട്ടിക്ക് ഇവിടെ നിർമ്മാണപ്രവർത്തനങ്ങൾ നടത്താനാകൂ. ഇതൊക്കെ പൂർത്തിയാകുന്നതുവരെ വികസനത്തിന് ഭൂമിവിട്ടുനൽകിയവർ കടത്തിണ്ണയിൽ കിടക്കേണ്ടിവരും എന്ന മട്ടിലാണ് അധികൃതരുടെ മെല്ലെപ്പോക്ക്. താങ്ങാനാകാത്ത കടബാദ്ധ്യത എടുത്ത് തലയിൽ വെച്ച പലരും ഇതിനോടകംതന്നെ ആത്മഹത്യ ചെയ്തുകഴിഞ്ഞു. മക്കളുടെ വിവാഹം മുടങ്ങിയവരും കടം കയറി വാടകവീട്ടിലേക്ക് മാറിയവരുമൊക്കെ ഇതിൽപ്പെടും. ഇവർക്കൊന്നും സമാശ്വാസം പകരുന്ന ഒരു നടപടിയും കൈക്കൊള്ളാതെയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിഴിഞ്ഞത്തെ ഉദ്ഘാടനം കളർഫുൾ ആക്കാൻ മേയ് രണ്ടിന് ഇറങ്ങിപ്പുറപ്പെട്ടത്. 

റെയിൽപ്രോജക്ട് തഥൈവ !

റിംഗ്‌റോഡിന് സമാന്തരമായി വിഴിഞ്ഞത്ത് റെയിൽ കണക്ടിവിറ്റിയും വിഭാവനം ചെയ്തിട്ടുണ്ട്. ദക്ഷിണറെയിൽവേ ഡിവിഷന് കീഴിലെ ബാലരാമപുരം റെയിൽവേസ്റ്റേഷനെ വിഴിഞ്ഞവുമായി ബന്ധിപ്പിക്കുന്ന റെയിൽപാളത്തിനായി 1482.92 കോടിരൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തത്. ഇതിന്റെ ഡി.പി.ആർ. ഉൾപ്പെടെ പൂർത്തിയായിട്ടുണ്ട് എങ്കിലും നടപടിക്രമങ്ങൾ ഒച്ചിന്റെ വേഗതയിലാണ് മുന്നോട്ടുപോകുന്നത്. 2028 ൽ റെയിൽ പ്രോജക്ട് പൂർത്തിയാക്കുമെന്നാണ ്അധികൃതർ പറയുന്നത്. 2026 ൽ പൂർത്തിയാക്കുമെന്ന് പറഞ്ഞ റിംഗ്‌റോഡിന്റെ എഴുത്തുകുത്ത് ജോലികൾപോലും എങ്ങുമെത്താതെ നിൽക്കുമ്പോൾ 2028 ൽ എങ്ങിനെ റെയിൽ കണക്ടിവിറ്റി പൂർണ്ണമാകും എന്നതാണ് ജനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന ചോദ്യം. ഏതായാലും റിംഗ്‌റോഡിന്റെ കാര്യത്തിൽ ചെയ്തതുപോലെ റെയിൽലൈനുവേണ്ടി നാട്ടുകാരുടെ പ്രമാണം വാങ്ങി സർക്കാർ പൂട്ടിവെച്ചിട്ടില്ല എന്നതാണ് ആശ്വാസകരമായ സംഗതി. 

അദാനി വെറുതേ ഇരിക്കില്ല

അദാനി ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം വിഴിഞ്ഞം തുറമുഖം തങ്ങൾ നിർമ്മിച്ച് പരിപാലനം നടത്തുമ്പോൾ അടിസ്ഥാന സൗകര്യം ഒരുക്കി നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. അവർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നില്ല എന്നുകരുതി അദാനിഗ്രൂപ്പിന് ചുമ്മാതിരിക്കാൻ സാധിക്കില്ലല്ലോ. വിഴിഞ്ഞത്തെ ചരക്കുനീക്കം അവർക്ക് സുഗമമാക്കിയേ പറ്റൂ. അതിനായി അവർ കുറുക്കുവഴികൾ തേടുമ്പോൾ സംസ്ഥാന സർക്കാർ ഒത്താശപാടുന്നു എന്നതാണ് നിലവിലെ സാഹചര്യം. മഹാരാഷ്ട്രയിലെ പനവേലിൽ നിന്നും കന്യാകുമാരിവരെ നീളുന്ന എൻ.എച്ച്. 66 ന്റെ കേരളാസ്‌ട്രെച്ചിന്റെ പണി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 2026 ൽ പദ്ധതി പൂർണ്ണമായി കമ്മീഷൻ ചെയ്യാനാണ് കേന്ദ്രത്തിന്റെ നീക്കം. റിംഗ്‌റോഡ് യാഥാർത്ഥ്യമാകാത്ത സാഹചര്യത്തിൽ, വിഴിഞ്ഞത്ത് നിന്നും താത്കാലിക റൂട്ട് ഉണ്ടാക്കി അത് എൻ.എച്ച്. 66 ൽ മെർജ് ചെയ്ത് ചരക്കുനീക്കം സുഗമമാക്കാനാണ ്അദാനി ഗ്രൂപ്പ് ഇപ്പോൾ ലക്ഷ്യമിടുന്നത്. 

തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി അദാനി ഗ്രൂപ്പ് മുന്നോട്ടുവെയ്ക്കുന്ന വളഞ്ഞ വഴികേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ല. കാരണം അവർ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്തിരുന്നെങ്കിൽ റിംഗ്‌റോഡ് ഇതിനോടകംതന്നെ പ്രവർത്തനസജ്ജമായേനെ. ഏതായാലും അദാനിയുടെ കാര്യത്തിൽ ഇരുസർക്കാരുകൾക്കും മറ്റുപല പ്രത്യേകതാത്പര്യങ്ങളുമുള്ള സ്ഥിതിക്ക് അവർ അദാനിയുടെ പുതിയ കുറുക്കുവഴിക്കുമുന്നിൽ പച്ചക്കൊടികാട്ടിയിരിക്കുകയാണ്. നിലവിലെ സാഹചര്യങ്ങൾ അതേപ്പടി തുടരുന്നപക്ഷം വരുന്ന ആഗസ്റ്റ്മാസം എൻ.എച്ച്. 66 ലേക്കുള്ള താത്കാലികവഴി അദാനിക്ക് തുറന്നുകിട്ടും. നിർമ്മാണം പുരോഗമിക്കുന്ന എൻ.എച്ചിലൂടെ കൂറ്റൻ കണ്ടൈനറുകൾ കടന്നുപോകുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കും എന്ന വിലയിരുത്തലുകൾ ചില‘ഭാഗങ്ങളിൽ നിന്നുംവരുന്നുണ്ട്. സ്‌പെഷ്യൽ ഇക്കണോമിക്‌സോണായി പ്രഖ്യാപിച്ചിട്ടുള്ള ടെക്‌നോപാർക്കിന്റെ പ്രവർത്തനങ്ങളെപ്പോലും പ്രസ്തുത ചരക്കുനീക്കം പ്രതികൂലമായി ബാധിച്ചേക്കാം. എന്നാൽ രാത്രികാല ചരക്കുനീക്കത്തിലൂടെ ഈ പ്രതിസന്ധി പരിഹരിക്കാമെന്നാണ് അദാനി ഗ്രൂപ്പ് കരുതുന്നത്. എന്നാലത് രാത്രികാലങ്ങളിലെ എൻ.എച്ച്. നിർമ്മാണത്തിന് (രാത്രിയാണ് നിർമ്മാണപ്രവർത്തനം അധികവും നടക്കുന്നത്) തിരിച്ചടിയാകുമെന്നുറപ്പാണ്. ഫലത്തിൽ 2026 ൽ കമ്മീഷൻ ചെയ്യാനുദ്ദേശിക്കുന്ന എൻ.എച്ചിന്റെ പൂർത്തീകരണവും അനിശ്ചിതത്വത്തിലാകാനാണ് സാദ്ധ്യത. എന്നാലിതൊന്നും അധികൃതർ കാര്യമാക്കുന്നില്ല. അദാനിക്ക് മുന്നിലുള്ള തടസ്സങ്ങൾ നീക്കുക എന്നതാണ് അവരുടെ പ്രൈം അജണ്ട. ഇവിടെ അദാനിയുടെകാര്യം നടന്നുകഴിഞ്ഞാൽ പിന്നെ ജനങ്ങളുടെ കാര്യത്തിൽ കൂടുതൽ നിസംഗത പുലർത്താനാകും അധികൃതരുടെ ശ്രമമെന്ന് ബാധിക്കപ്പെട്ടവർ ‘ഭയക്കുന്നു. 

എന്താണ് പിന്നിലെ കളി ?

റിംഗ്‌റോഡിന്റെ കാര്യത്തിലെ യഥാർത്ഥ പ്രശ്‌നമെന്തെന്ന് ചോദിച്ചാൽ റിയൽ എസ്റ്റേറ്റ് താത്പര്യം എന്നതാണ് ഒറ്റവാക്കിൽ പറയാവുന്ന ഉത്തരം. റിംഗ്‌റോഡ് വിഭാവനം ചെയ്യുന്നതിന് മുന്നേതന്നെ വിവരം ചോർന്നുകിട്ടിയ പല വമ്പൻമാരും പ്രസ്തുത മേഖലയിൽ വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. പലർക്കും പിന്നിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകളിലെ പ്രമുഖർതന്നെയാണ്. പല റിയൽ എസ്റ്റേറ്റ് വമ്പൻമാരും കൺസ്ട്രക്ഷൻ കമ്പനികളും ഇവിടെ കോടികളാണ് മുടക്കിയിരിക്കുന്നത്. കാടുപിടിച്ചുകിടക്കുന്ന നാട്ടിൻപ്രദേശത്തുപോലും പലരും ലക്ഷ്വറി വില്ല പ്രോജക്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം ലക്ഷ്യമിടുന്നത് റിംഗ്‌റോഡ് അനുബന്ധമായി ഉണ്ടായേക്കാവുന്ന വികസനം തന്നെയാണ്. 
റിംഗ്‌റോഡിന്റെ സാദ്ധ്യതകൾ കണ്ട് വമ്പൻമാർ പണമിറക്കിയതുപോലെ ചെറുകിടക്കാരും ധാരാളം വസ്തുവകകൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. പദ്ധതി നീണ്ടുപോകുന്ന പക്ഷം അവർക്ക് അധികനാൾ ഇവയൊന്നും ഹോൾഡ് ചെയ്യാൻ സാധിക്കില്ല. അങ്ങിനെ വരുമ്പോൾ സ്വഭാവികമായും വൻകിടക്കാർക്ക് തന്നെ അവർ വസ്തുക്കൾ വിറ്റൊഴിവാക്കേണ്ടിവരും. ഇതിനായി തലസ്ഥാനത്തെ ഒരു വൻകിട റിയൽഎസ്റ്റേറ്റ് കമ്പനി നീക്കങ്ങളും ചരടുവലികളും നടത്തുന്നതായാണ് അറിയാൻ സാധിക്കുന്നത്. തത്വത്തിൽ ഇവിടെ വൻകിട റിയൽ എസ്റ്റേറ്റ് കളികളാണ് അണിയറയിൽ അരങ്ങേറുന്നത്. 

കച്ചവടക്കാരുടെ തന്ത്രങ്ങൾക്ക് രാഷ്ട്രീയക്കാർ ഒത്താശപാടുമ്പോൾ അവർക്കും നേട്ടങ്ങൾ പലതാണ്. പദ്ധതി ഇഴയുന്നത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് വരുത്തിത്തീർക്കുന്നതിലൂടെ ബി.ജെ.പിയും കേന്ദ്രത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് വരുത്തിതീർക്കുന്നതിലൂടെ സി.പി.എമ്മും ഇവിടെ രാഷ്ട്രീയനേട്ടം കൊയ്യാനാണ് ശ്രമിക്കുന്നത്. അതേസമയം, വിഷയത്തിൽ വേണ്ട ഇടപെടലുകൾ നടത്താതെ ബുദ്ധിപരമായി നീങ്ങുന്ന കോൺഗ്രസ്സും ഇവിടെ കുളംകലക്കി മീൻപിടിക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാവർക്കും വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് വേണം അദാനി ഗ്രൂപ്പ് നൽകുന്ന തിരഞ്ഞെടുപ്പ് ഫണ്ടും (ആ പേരിലാണ് പണം നൽകുന്നത്) സ്വന്തമാക്കണം. അതിനപ്പുറം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ഇവരാരും ഫലപ്രദമായി ഇടപെടുന്നില്ല എന്നതാണ് വസ്തുത. 

വാഴ നനയുമ്പോൾ ചീരയും നനയും എന്നുപറയുന്നു പോലെയാണ് റവന്യു ഉദ്യോഗസ്ഥരുടെ കാര്യം. വൻകിട പദ്ധതികൾ വരുമ്പോൾ അത് മറയാക്കി തങ്ങളുടെ പോക്കറ്റ് വീർപ്പിക്കാനെന്തു ചെയ്യും എന്ന ചിന്തയിലാണ് പല ഉദ്യോഗസ്ഥരും. പദ്ധതിക്കായി വിട്ടുകൊടുക്കുന്ന ഭൂമിയ്ക്ക് ഉയർന്നവില നിശ്ചയിച്ചുതരാം എന്ന വാഗ്ദാനവുമായി ബാധിക്കപ്പെട്ട ജനങ്ങളിൽ നിന്നും ചില ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തിയെന്ന ആക്ഷേപമാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നത്. റിംഗ ്‌റോഡ് പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാനായി തുടങ്ങിയ സ്‌പെഷ്യൽ തഹൽസീൽദാർ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് തിരിമറികൾ നടന്നതത്രേ. ഇതേക്കുറിച്ച് പരാതികൾ ലഭിച്ച സാഹചര്യത്തിൽ സംസ്ഥാന വിജിലൻസ് ആന്റ്ആന്റികറപ്ഷൻ ബ്യൂറോ തഹൽസീൽദാർ ഓഫീസുകളിൽ വ്യാപകമായി പരിശോധന നടത്തിയിരുന്നു. സംശയാസ്പദമായി കണ്ടെത്തിയ ഫയലുകൾ അവർ വിശദമായ പരിശോധനയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. ആവശ്യമായ ഇടങ്ങളിൽ ‘ഭൂമി നേരിട്ട് ചെന്നുകണ്ട് പരിശോധിച്ച് ക്രമക്കേടുകൾ കണ്ടെത്തുമെന്നാണ് വിജിലൻസ് വൃത്തങ്ങൾ പറയുന്നത്. 

ഫലത്തിൽ വൻകിട പദ്ധതിയുടെ മറവിൽ വൻകിടക്കാർ കൂടുതൽ സമ്പന്നരായി മാറുമ്പോൾ സാധാരണക്കാർ ആത്മഹത്യയിൽ അഭയം പ്രാപിക്കേണ്ട ദുരവസ്ഥയാണ് തലസ്ഥാനത്തുള്ളത്. വിഴിഞ്ഞത്തിന്റെ പിതാവ് ആരെന്ന് കണ്ടെത്തുന്നതിന് മുന്നേ ബാധിക്കപ്പെട്ട സാധുക്കളുടെ പ്രശ്‌നത്തിനുള്ള പരിഹാരമാണ് ആദ്യം കണ്ടെത്തേണ്ടത്. 

സുപ്രീംകോടതി പറഞ്ഞത് എന്ത് ?

പാരിസ്ഥിതിക അനുമതി ഇല്ലാതെ എന്തിനാണ് ജനങ്ങളുടെ കൈയിൽ നിന്നും രേഖകൾ കൈപ്പറ്റുന്നത്? ഏറ്റവും ഒടുവിൽ സുപ്രീംകോടതി ദേശീയപാത അതോറിട്ടിയോട് ചോദിച്ച ചോദ്യമിതാണ്. ദേശീയപാതാ വികസനത്തിനായി ഭൂമി വിട്ടുനൽകിയിട്ടും നഷ്ടപരിഹാരം നൽകാതെ സർക്കാർ കബളിപ്പിച്ചെന്ന ആക്ഷേപവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ആയിരുന്നു കോടതിയുടെ നിശിതവിമർശം ഉയർന്നത്. പാരിസ്ഥിതിക അനുമതി ഇല്ലാത്ത പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചശേഷം അനുമതി ലഭിക്കാത്തപക്ഷം ബാധിക്കപ്പെട്ടവർക്ക് എന്ത് നഷ്ടപരിഹാരമാണ് സർക്കാർ നൽകാൻ പോകുന്നത്. അതുവരെ സ്വന്തം ‘ഭൂമി ക്രയവിക്രയം നടത്താൻ സാധിക്കാതെ വലയുന്നവരുടെ പ്രശ്‌നങ്ങൾ സർക്കാരോ ദേശീയപാത അതോറിട്ടിയോ പരിഹരിക്കുമോ. ഇനി എല്ലാത്തിനുമുപരി ഒരു പദ്ധതി വിഭാവനം ചെയ്യുമ്പോൾ ആദ്യപരിഗണന നൽകേണ്ടത് പരിസ്ഥിതിക്കല്ലേ. അല്ലാതെ കാട്ടിക്കൂട്ടിയ പ്രവർത്തനങ്ങളാണ് ദുരന്തങ്ങളിൽ കലാശിച്ചതെന്നും സുപ്രീംകോടതി ഓർമ്മിപ്പിച്ചു. 

2025 ജൂൺ മുതൽ പാരിസ്ഥിതിക അനുമതി ലഭിക്കാത്ത ഒരു പ്രോജക്ടിലും ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ വിഴിഞ്ഞം  നാവായിക്കുളം റിംഗ്‌റോഡിന്റെ പ്രവർത്തനങ്ങൾ നേരത്തെ വിഭാവനം ചെയ്ത് നോട്ടിഫിക്കേഷൻ പുറത്തിറക്കിയിട്ടുള്ളതാണ്. എന്നാൽ ഇവിടെ ഒരു റീച്ചിന് അനുമതി ലഭിക്കുകയും രണ്ടാം റീച്ചിന് അനുമതി ലഭിക്കാത്ത സാഹചര്യവുമാണ്. ഈ നിലയ്ക്ക് വിഴിഞ്ഞത്തിന്റെ കാര്യത്തിൽ എന്തുസംഭവിക്കുമെന്ന ആശങ്കയിലാണ് ബാധിക്കപ്പെട്ടവർ. വിഴിഞ്ഞത്തിലൂടെ ഇനി സംസ്ഥാനത്ത് കോടികൾ ഒഴുകാൻ പോകുന്നു എന്നുപറഞ്ഞവരും ഇവിടെ മറുപടി പറയാൻ ബാദ്ധ്യസ്ഥരാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img